ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ജാമ്യത്തിനായി ഖാലിദ് ഉന്നയിച്ച കാരണങ്ങൾ "യുക്തിരഹിതമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. മാതാവിന്റെ ശസ്ത്രക്രിയയിൽ പങ്കെടുക്കുന്നതിനും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ ഭാഗമാകുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഉമർ ഖാലിദ് തേടിയിരുന്നത്.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഉമർ ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ഡൽഹിയിൽ വൻതോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഈ കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടമാവുകയും 700-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും ജയിലിൽ തുടരുമ്പോൾ, 11 പേർക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്.